കരൂര്‍: കരൂർ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം മൂലം ജനങ്ങള്‍ വലയുന്നു. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണെങ്കിലും നാളിതുവരെ ശുദ്ധജലം വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു.
മിക്ക കിണറുകളും വറ്റിവരണ്ടതിനാൽ ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ 17 വാര്‍ഡുകളിൽ 13ലും രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ട്. സര്‍ക്കാരിന്റെ ജല്‍ ജീവന് പദ്ധതി എങ്ങുമെത്തിയിട്ടില്ല. റോഡുകളെല്ലാം പൈപ്പിടാനായി വെട്ടിപ്പൊളിച്ചതല്ലാതെ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടില്ല.
എത്രയുംവേഗം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് പടിക്കല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് ജോസ് ആനക്കല്ലുങ്കല്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രന്, മൈക്കിള്‍ പുല്ലുമാക്കല്‍, അഡ്വ. ഏബ്രഹാം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.